ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് മൂന്നു രൂപയായും, ഡീസൽ ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും തീരുവ കുറച്ചു. എന്നാൽ ചില്ലറ വിൽപനയില് വില കുറയാൻ സാധ്യതയില്ല.
പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് ആശ്വാസമാണ് നടപടി. കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചില ഇന്ധനക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയും മറ്റുചില കമ്പനികൾ വിലവർധനവിന് തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം നയാര കമ്പനി പെട്രോൾ ഡീസൽ വില കൂട്ടിയിരുന്നു. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര.